ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ആസൂത്രിതം; കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി പോലീസ്

കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ​ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ

Jul 25, 2025 - 13:27
Jul 25, 2025 - 13:27
 0  13
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ആസൂത്രിതം; കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി പോലീസ്
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. 
 
ഗോവിന്ദച്ചാമി ജയിൽ ചാടാൻ ദിവസങ്ങൾക്ക് മുൻപ് തന്നെ പദ്ധതി ആരംഭിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുറച്ച് നാളുകളായി ഗോവിന്ദച്ചാമി ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിക്കുകയായിരുന്നു. അങ്ങനെ ശരീരഭാരം പകുതിയായി കുറച്ചു. 
 
അതേസമയം കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ​ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. ഇന്നലെ രാത്രി ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയത്. 
 
1.15 ഓടെയാണ് ഇന്ന് സെല്ലില്‍ നിന്ന് പുറത്തിറങ്ങിയത്. സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികള്‍ മുറിക്കാനുളള ശ്രമം നടത്തിയത്. ഉപ്പുവെച്ച് കമ്പികള്‍ തുരുമ്പടിപ്പിച്ചതായും സംശയമുണ്ട്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേ‍ഡാണ് കമ്പി മുറിക്കാനുപയോ​ഗിച്ചത്. ​
 
തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്. രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow