19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ യു.എസ്. നിർത്തിവെച്ചു; ഗ്രീൻ കാർഡ് അപേക്ഷകളേയും ബാധിക്കും
നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും ഇതോടെ നീളും
വാഷിങ്ടൺ: യു.എസ് യാത്രാവിലക്കേർപ്പെടുത്തിയ 19 രാജ്യങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റ അപേക്ഷകൾ യുഎസ് ഭരണകൂടം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. ഗ്രീൻ കാർഡുകൾക്കും പൗരത്വ അപേക്ഷകൾക്കും ഉൾപ്പെടെ ഇത് ബാധകമാവുമെന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. യു.എസ്. ഭരണകൂടം നിലവിലെ സാഹചര്യം സൂക്ഷ്മ പരിശോധന നടത്തുന്നതുവരെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) കുടിയേറ്റ അപേക്ഷകൾ പൂർണമായി നിർത്തിവെച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതും ഇതോടെ നീളും. എല്ലാ വിദേശികളെയും പരമാവധി പരിശോധിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കർശനമായ സ്‌ക്രീനിങ് സംവിധാനങ്ങളിലൊന്നായാണ് യുഎസിൻ്റേത് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, റിപ്പോബ്ലിക് ഓഫ് കോംഗോ, ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമെൻ, ബുറുൺഡി, ക്യൂബ, ലാവോസ്, സിയെറാ ലിയോൺ, ടോഗോ, തുർക്ക്‌മെനിസ്താൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് ഈ വിലക്ക് ബാധകമാകുക. വാഷിങ്ടണിൽ വെച്ച് രണ്ട് വെസ്റ്റ് വിർജീനിയൻ ഗാർഡുകൾക്ക് വെടിയേറ്റ സംഭവത്തിന് പിന്നാലെ, ആ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റങ്ങൾ താൽക്കാലികമായി നിർത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഈ വെടിവയ്പിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. സംഭവത്തിൽ മുൻപ് യുഎസിനൊപ്പം അഫ്ഗാനിൽ പ്രവർത്തിച്ച ഒരു അഫ്ഗാൻ സ്വദേശിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ദരിദ്ര രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം ശാശ്വതമായി നിർത്താനും യുഎസിൽ നിയമപരമായി താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്താനും ആഗ്രഹിക്കുന്നുവെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
What's Your Reaction?

