ഡ്രൈവറുടെ മകൻ എംഎൽഎയായി; 'അണ്ണാ ഞാൻ ഒപ്പിടട്ടേ' എന്ന് വിജയ്‌യോട് അനുവാദം ചോദിച്ച് ശബരീനാഥൻ
തമിഴ്നാട് നിയമസഭയിൽ നിന്നുള്ള വൈകാരികമായ ഒരു ദൃശ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ സന്തതസഹചാരിയും ഡ്രൈവറുമായ രാജേന്ദ്രന്റെ മകൻ ശബരീനാഥൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിഡിയോയാണിത്. സത്യവാചകം ചൊല്ലിയ ശേഷം ഔദ്യോഗിക രേഖകളിൽ ഒപ്പിടുന്നതിന് മുൻപായി സദസ്സിലിരുന്ന വിജയ്‌യെ നോക്കി ‘അണ്ണാ ഞാൻ ഒപ്പിടട്ടേ’ എന്ന് ശബരീനാഥൻ അനുവാദം ചോദിക്കുന്നതും, സ്നേഹനിർഭരമായ പുഞ്ചിരിയോടെ വിജയ് അത് നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഒരു ഡ്രൈവറുടെ മകൻ നിയമസഭാംഗമായി മാറിയ ഈ നിമിഷം തമിഴ് രാഷ്ട്രീയത്തിലെ അപൂർവ കാഴ്ചയായി മാറി.
വിജയ് തന്റെ സിനിമാ ജീവിതം തുടങ്ങിയ കാലം മുതൽ കൂടെയുള്ള വിശ്വസ്തനാണ് രാജേന്ദ്രൻ. രാജേന്ദ്രന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ വിജയ്, മകൻ ശബരീനാഥന്റെ പഠനത്തിനും വളർച്ചയ്ക്കും വലിയ പിന്തുണയാണ് നൽകിയത്. വളർന്നപ്പോൾ വിജയ് ഒരു അനിയനെപ്പോലെ ശബരിയെ കൂടെക്കൂട്ടി. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വിജയ് ടിക്കറ്റ് നൽകിയത് തന്റെ ഈ വിശ്വസ്തനായിരുന്നു. മകൻ നിയമസഭാംഗമായ സന്തോഷത്തിൽ പിതാവ് രാജേന്ദ്രൻ വിജയ്‌യെ കെട്ടിപ്പിടിച്ച് വികാരാധീനനായി നന്ദി പറയുന്നതും പ്രവർത്തകരെ ഈറനണിയിച്ചു. എത്ര തലമുറ കഴിഞ്ഞാലും വിജയ്‌യോടുള്ള കടപ്പാട് മറക്കാനാവില്ലെന്നാണ് ആ പിതാവ് ജനക്കൂട്ടത്തിന് മുൻപിൽ പറഞ്ഞത്.
What's Your Reaction?