കണ്ണൂരിൽ നാളെ റെഡ് അലർട്ട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
കണ്ണൂർ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
അതിതീവ്ര മഴയെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണം.
ശക്തമായ മഴയെ തുടർന്ന് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ 15 ഷട്ടറുകൾ നിലവിലെ 3.5 മീറ്ററിൽ നിന്ന് ക്രമാനുഗതമായി 4 മീറ്റർ വരെ ഉയർത്താൻ തീരുമാനിച്ചു.
ബാവലിപ്പുഴയുടെയും വളപട്ടണം പുഴയുടെയും തീരപ്രദേശങ്ങളായ പടിയൂർ, പായം, വിളമന, കീഴൂർ, വയത്തൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?



