പി എം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിനെതിരെ എം സ്വരാജ്; ‘വലിച്ചെറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ തലയിൽ കയറ്റിവെക്കുന്നു’

Jun 17, 2026 - 18:16
Jun 17, 2026 - 18:16
 0
പി എം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാരിനെതിരെ എം സ്വരാജ്; ‘വലിച്ചെറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ തലയിൽ കയറ്റിവെക്കുന്നു’

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. മുൻപ് പദ്ധതി നടപ്പാക്കില്ലെന്നും അധികാരത്തിലെത്തിയാൽ അറബിക്കടലിൽ എറിയുമെന്നും പറഞ്ഞവർ ഇപ്പോൾ അതിനെ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പി എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് മുൻമന്ത്രി പി. കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ എം. സ്വരാജ്, പദ്ധതി കടലിൽ എറിയണമെന്നില്ലെങ്കിലും എൽഡിഎഫ് നിർത്തിവെച്ച പദ്ധതിയെ പൊടിതട്ടി തലയിൽ കയറ്റിവെക്കാതിരുന്നാൽ മതിയെന്നും പറഞ്ഞു.

പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച് കേരളം പണം കൈപ്പറ്റിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും കേരളം ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും, ഏതെല്ലാം സ്കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ പോലും സർക്കാർ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നേരിട്ട് അറിയിച്ചിരുന്നുവെന്നും, അതുസംബന്ധിച്ച രേഖാമൂലമുള്ള കത്തും നൽകിയിരുന്നുവെന്നും എം. സ്വരാജ് പറഞ്ഞു.

സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് സ്വീകരിച്ചതിനെ പി എം ശ്രീ പദ്ധതിയുടെ ഫണ്ടായി തെറ്റായി അവതരിപ്പിക്കുകയാണെന്നും, ഇരു പദ്ധതികളും തമ്മിലുള്ള വ്യത്യാസം പോലും ചിലർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ കോൺഗ്രസ് ജയിക്കുകയും ബിജെപി ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും എം. സ്വരാജ് ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow