ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഡെങ്കി കേസുകൾ വർധിക്കുന്നു, നിപ നിരീക്ഷണം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75കാരിയാണ് മരിച്ചത്. ഇന്ന് 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിന ഡെങ്കിപ്പനി കേസുകൾ 100 കടന്നതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അഞ്ചുപേരിൽ ഒരാളെ കൂടി രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേരിൽ അഞ്ച് പേർ ആശുപത്രി വിട്ടു. നാല് പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു ആരോഗ്യപ്രവർത്തകയുടെയും രോഗിയുടെ ഒരു ബന്ധുവിന്റെയും പരിശോധനാഫലം നെഗറ്റീവാണ്.
രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
നിപ പ്രഭവകേന്ദ്രത്തിന് സമീപം വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ രക്തസാമ്പിളുകളും മൂക്കിലെ സ്രവങ്ങളും സമീപത്തെ വവ്വാലുകളുടെ താവളങ്ങളിൽ നിന്ന് ശേഖരിച്ച കാഷ്ടസാമ്പിളുകളും പരിശോധനയ്ക്കായി ഭോപാലിലെ ലാബിലേക്ക് അയച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്രസംഘം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 5-ൽ ഉൾപ്പെടുന്ന 75 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. സമ്പർക്കപ്പട്ടികയിലുള്ള 95 പേരെ കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് ആരോഗ്യനില വിലയിരുത്തുകയും ചെയ്തു.
What's Your Reaction?



