വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി; രക്ഷകരായി വനപാലകരും നാട്ടുകാരും

Jun 27, 2026 - 00:56
Jun 27, 2026 - 00:59
 0
വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി; രക്ഷകരായി വനപാലകരും നാട്ടുകാരും

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വനത്തിനുള്ളിൽ വഴിയറിയാതെ കുടുങ്ങിപ്പോയ മൂന്ന് യുവാക്കളെ വനംവകുപ്പും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സുരക്ഷിതമായി കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ മൂവരെയും വനത്തിന് പുറത്തെത്തിച്ചു. വൈകുന്നേരം നാലരയോടെ കാടിനകത്തേക്ക് പോയതാണെന്നും എന്നാൽ പെട്ടെന്ന് ഇരുട്ടു പരന്നതോടെ തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ കുടുങ്ങിപ്പോവുകയായിരുന്നു എന്നുമാണ് യുവാക്കൾ പറയുന്നത്.

വനത്തിനുള്ളിൽ പെട്ടുപോയ യുവാക്കൾ രക്ഷപ്പെടാനായി ഉച്ചത്തിൽ നിലവിളിക്കുകയും മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് വനാതിർത്തിയോട് ചേർന്നുള്ള നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൻ ദുരന്തം ഒഴിവായത്. കാടിനുള്ളിൽ നിന്ന് അസ്വാഭാവികമായ ശബ്ദവും ടോർച്ചിന്റെ വെളിച്ചവും കണ്ട നാട്ടുകാർ ഉടൻ തന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

വിലങ്ങാട് നാദാപുരം മുടി വനമേഖലയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാദാപുരം ഫയർഫോഴ്‌സും നാട്ടുകാരും ഉടനടി സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിനോദസഞ്ചാര കേന്ദ്രമായ മുടി വ്യൂ പോയിന്റിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികൾ സാധാരണയായി ട്രക്കിംഗിനായി പോകാറുള്ളത്. വനമേഖലയ്ക്ക് സമീപത്തുനിന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്കുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം ചേർന്ന് വനത്തിനുള്ളിലേക്ക് കയറി നടത്തിയ തിരച്ചിലിൽ യുവാക്കളെ സുരക്ഷിതമായി കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow