"അത് ലഹരിയല്ല, മകൾക്കുള്ള മരുന്നാണ്"; ഐപിഎൽ ഗാലറിയിലെ വീഡിയോയിൽ വിശദീകരണവുമായി മന്ത്രി ശരത്കുമാർ
ചെന്നൈ: രണ്ട് വർഷം മുൻപ് നടന്ന ഐപിഎൽ മത്സരത്തിനിടെ ഗാലറിയിലിരുന്ന് പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചെന്ന ഗുരുതരമായ ആരോപണത്തിൽ വിശദീകരണവുമായി തമിഴ്‌നാട് മന്ത്രിയും ടി.വി.കെ നേതാവുമായ ഡി. ശരത്കുമാർ. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ താൻ ലഹരിമരുന്ന് ഉപയോഗിക്കുകയല്ല ചെയ്തതെന്നും, മകൾക്ക് കഴിക്കാനുള്ള മരുന്ന് പൊടിച്ചതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഭാര്യയ്ക്കും മകൾക്കുമൊപ്പം എത്തി പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്
എന്നാൽ ശരത്കുമാറിന്റെ ഈ മരുന്നിന്റെ കഥ വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. പുറത്തുവന്ന ദൃശ്യങ്ങളിൽ എവിടെയും മന്ത്രിയുടെ മകളെ കാണാനില്ലെന്നും, ആരോപണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും വിനോജ് ആവശ്യപ്പെട്ടു. ഐപിഎൽ മത്സരത്തിനിടെ ഗാലറിയിലിരുന്ന മന്ത്രി, തന്റെ മൊബൈൽ ഫോൺ സ്‌ക്രീനിൽ വെള്ള നിറത്തിലുള്ള ഒരു പൊടി എടിഎം കാർഡ് ഉപയോഗിച്ച് നിരത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയത്ത് മന്ത്രിയുടെ കയ്യിൽ 500 രൂപയുടെ ഒരു നോട്ടും ഉണ്ടായിരുന്നു. ഇതാണ് വലിയ രീതിയിൽ സംശയങ്ങൾക്ക് ഇടയാക്കിയത്.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് വലിയൊരു മാരത്തൺ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ വിവാദം ഉയർന്നത്. ചെന്നൈയിൽ സംഘടിപ്പിച്ച 'സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്' മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം മുഖ്യമന്ത്രി വിജയ് ആറ് കിലോമീറ്ററോളം പ്രവർത്തകർക്കൊപ്പം ഓടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ മുഖ്യമന്ത്രി നേരിട്ട് പോരാട്ടത്തിനിറങ്ങുന്നതിനിടെയാണ് മന്ത്രിസഭയിലെ പ്രമുഖ മന്ത്രി തന്നെ ഇത്തരം ഒരു ലഹരി ആരോപണത്തിൽ പെടുന്നതും വീഡിയോ പുറത്തുവരുന്നതും ടി.വി.കെ സർക്കാരിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
What's Your Reaction?



