തമിഴ്‌നാട്ടിൽ വീണ്ടും നിയമന വിവാദം; വിജയ് ചിത്രത്തിന്റെ നിർമ്മാതാവ് ഡൽഹിയിലെ പ്രത്യേക പ്രതിനിധി

Jun 27, 2026 - 00:48
Jun 27, 2026 - 01:01
 0
തമിഴ്‌നാട്ടിൽ വീണ്ടും നിയമന വിവാദം; വിജയ് ചിത്രത്തിന്റെ നിർമ്മാതാവ് ഡൽഹിയിലെ പ്രത്യേക പ്രതിനിധി

ചെന്നൈ: തമിഴ്‌നാട്ടിൽ ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വീണ്ടും നിയമന വിവാദത്തിൽ. മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രമായ 'ജനനായകൻ' എന്ന സിനിമയുടെ നിർമ്മാതാവ് വെങ്കട്ട് കെ. നാരായണയെ തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഒരു വർഷത്തെ കാലയളവിലേക്കാണ് ഈ നിയമനമെന്നും വെങ്കട്ടിനായുള്ള നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പുറപ്പെടുവിക്കുമെന്നും ചീഫ് സെക്രട്ടറി എം. സായ് കുമാർ ജൂൺ 23-ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ 'ബാലൻ ദി ബോയ്' എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ വെങ്കട്ട് കെ. നാരായണ, തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടപ്പോഴും ഒപ്പമുണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ ടി.വി.കെ (തമിഴക വെട്രി കഴകം) അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജ്യോത്സ്യന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമനം നൽകിയ വിവാദം അടങ്ങും മുൻപാണ് അടുത്ത വിവാദം പുകയുന്നത്. രാധൻ പണ്ഡിറ്റ് വെട്രിവേൽ എന്ന ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കാൻ നിർദേശിച്ചതും ഈ ജ്യോത്സ്യനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ തന്നെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. യുവാക്കൾക്ക് ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഡി.എം.ഡി.കെ നേതാവ് പ്രേമലത വിജയകാന്തും, ഒരു ജ്യോത്സ്യന് എന്തിനാണ് കാബിനറ്റ് പദവിയെന്ന് എം.പി ശശികാന്ത് സെന്തിലും ചോദ്യം ഉന്നയിച്ചു.

ആദ്യഘട്ടത്തിൽ പാർട്ടി നേതാവ് സി.ടി. നിർമ്മൽ കുമാർ ഈ നിയമനത്തെ ന്യായീകരിച്ച് രംഗത്തെത്തിയെങ്കിലും, സഖ്യകക്ഷികൾക്കുള്ളിൽ നിന്നുതന്നെ കടുത്ത വിമർശനം ഉയർന്നതോടെ ഒടുവിൽ ടി.വി.കെ സർക്കാരിന് ഈ തീരുമാനം റദ്ദാക്കേണ്ടി വന്നിരുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലം മുതൽ എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ് രാധൻ പണ്ഡിറ്റ് വെട്രിവേൽ. ഈ വിവാദം ഒടുങ്ങി ദിവസങ്ങൾക്കുള്ളിലാണ് സ്വന്തം സിനിമയുടെ നിർമ്മാതാവിന് ഡൽഹിയിൽ ഉയർന്ന പദവി നൽകിക്കൊണ്ടുള്ള വിജയ് സർക്കാരിന്റെ പുതിയ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow