"വിഗ്ഗ് പ്രശ്നമെങ്കിൽ വിവാഹം വേണ്ടെന്ന് വെക്കാമായിരുന്നില്ലേ?"; സിയയുടെ വാദങ്ങൾ തള്ളി കേതന്റെ പിതാവ്

Jun 27, 2026 - 00:40
Jun 27, 2026 - 01:02
 0
"വിഗ്ഗ് പ്രശ്നമെങ്കിൽ വിവാഹം വേണ്ടെന്ന് വെക്കാമായിരുന്നില്ലേ?"; സിയയുടെ വാദങ്ങൾ തള്ളി കേതന്റെ പിതാവ്

പൂനെ: പ്രമുഖ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പ്രതിശ്രുത വധു സിയ ഗോയൽ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും തള്ളി കേതന്റെ പിതാവും പ്രമുഖ ബിൽഡറുമായ വിശാൽ അഗർവാൾ രംഗത്ത്. കേതൻ വിഗ് ഉപയോഗിച്ചിരുന്നത് മറച്ചുവെച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന സിയയുടെ ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ ചെറിയ പ്രായത്തിൽ തന്നെ കേതന് മുടികൊഴിച്ചിൽ ഉണ്ടായിരുന്ന വിവരം സിയയെയും കുടുംബത്തെയും മുൻകൂട്ടി അറിയിച്ചിരുന്നതായി വിശാൽ അഗർവാൾ പറഞ്ഞു. ഇതേക്കുറിച്ച് നേരത്തെ തന്നെ തങ്ങൾ തുറന്നു സംസാരിച്ചിരുന്നതാണെന്നും, അഥവാ വിഗ്ഗ് ഉപയോഗിച്ചതായിരുന്നു പ്രശ്നമെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അല്ലാതെ ക്രൂരമായ കൊലപാതകമല്ലായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേർത്തു.

ജൂൺ 18-നാണ് പൂനെ സ്വദേശിയായ കേതൻ വിശാൽ അഗർവാൾ ലോഹഗഡ് ഫോർട്ടിൽ വെച്ച് കൊല്ലപ്പെടുന്നത്. ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു സിയയുടെ ശ്രമം. അപകടമരണമെന്ന രീതിയിൽ കേതന്റെ മരണവിവരം കുടുംബത്തെയും പൊലീസിനെയും ആദ്യം അറിയിച്ചതും സിയ തന്നെയായിരുന്നു. എന്നാൽ കേതന്റെ കുടുംബം മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

അരുംകൊലയ്ക്ക് ശേഷം കേതന്റെ മരണം പുറംലോകമറിഞ്ഞപ്പോൾ സിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇപ്പോൾ ജനങ്ങളെയും പൊലീസിനെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. "എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിഞ്ഞത്. വിവാഹിതരാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എന്നെ തനിച്ചാക്കി എന്തിനാണ് പോയത്?" എന്ന രീതിയിലായിരുന്നു സിയയുടെ പോസ്റ്റ്. ഇത്രയധികം സ്നേഹിച്ചിട്ടും തന്നെ വിട്ടുപോയത് എന്തിനാണെന്ന ചോദ്യങ്ങളും സിയ കുറിപ്പിൽ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വരുന്ന നവംബർ 25-ന് ജയ്പൂരിലെ കൊട്ടാരത്തിൽ വെച്ച് അതിഗംഭീരമായി വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഇരു കുടുംബങ്ങളും. അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങൾ വരെ ബുക്ക് ചെയ്തിരുന്നു. സിയയുടെ ജന്മദിനം ആഘോഷിക്കാനായി മഹാബലേശ്വറിലേക്ക് യാത്ര പോകാൻ പദ്ധതിയിടുന്നതിനിടയിലാണ് കേതൻ ക്രൂരമായി കൊല്ലപ്പെട്ടത്. അതേസമയം, സ്വന്തം മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് തൂക്കുകയർ തന്നെ നൽകണമെന്നാണ് സിയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow