താമരശ്ശേരിയിൽ മൂന്ന് വിദ്യാർഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; യൂണിഫോം റബർതോട്ടത്തിൽ കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിലെ രണ്ട് സ്കൂളുകളിലെ മൂന്ന് വിദ്യാർഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് ടു വിദ്യാർഥിയായ സുഹൃത്തിനെയും ഇയാളുടെ പ്ലസ് വൺ വിദ്യാർഥിയായ സുഹൃത്തിനെയുമാണ് വ്യാഴാഴ്ച മുതൽ കാണാതായത്.
മൂന്ന് പേരുടെയും മാതാപിതാക്കളുടെ പരാതിയിൽ താമരശ്ശേരി പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ക്ലാസ് ആരംഭിച്ചിട്ടും സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയുടെ സ്കൂൾ യൂണിഫോം സ്കൂളിന് സമീപത്തെ റബർതോട്ടത്തോട് ചേർന്നുള്ള പറമ്പിൽ നിന്ന് കണ്ടെത്തി. പിന്നീട് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് ടു വിദ്യാർഥിയെയും ഇയാളുടെ അടുത്ത സുഹൃത്തായ പ്ലസ് വൺ വിദ്യാർഥിയെയും കാണാതായതായി വ്യക്തമായി. ഇരുവരും ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും കാണാതായിട്ടുണ്ട്.
മൂന്ന് വിദ്യാർഥികളെയും കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം തുടരുകയാണ്.
What's Your Reaction?



