കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്
തൃശൂര്‍: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.
പുതിയ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകളുടെ മുന്നറിയിപ്പ്.
മേഖലയ്ക്ക് സംരക്ഷണം നല്‍കുന്ന നടപടികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താത്ത പക്ഷം സര്‍വീസ് നിര്‍ത്തി സമരത്തിലേക്ക് കടക്കുമെന്നും അവര്‍ അറിയിച്ചു.
സ്ത്രീ യാത്രക്കാരുടെ എണ്ണം സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ സൗജന്യ യാത്രാ പദ്ധതി വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തില്‍ തന്നെ സര്‍വീസുകള്‍ നടത്തുന്നത് ബുദ്ധിമുട്ടാണെന്നും പുതിയ തീരുമാനം നടപ്പായാല്‍ നിരവധി സര്‍വീസുകള്‍ നഷ്ടത്തിലാകുമെന്നും അവര്‍ പറഞ്ഞു.
ഇതോടെ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും പ്രതിസന്ധിയിലാകുമെന്ന് സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.
സ്വകാര്യ ബസ് മേഖലയെ നിലനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ബസുടമകള്‍ വിദ്യാര്‍ഥി യാത്രാനിരക്ക് വര്‍ധന, പൊതുയാത്രാ നിരക്കുകളുടെ പുനഃപരിശോധന, ഡീസല്‍ സബ്സിഡി, ഇന്‍ഷുറന്‍സ് ഇളവുകള്‍ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു.
കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ബസുകള്‍ക്കും ലഭ്യമാക്കണമെന്നും ബസ് സ്റ്റാന്‍ഡുകളിലെ ഫീസുകള്‍ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഈ മാസം 19ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും.
സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ബജറ്റിന് പിന്നാലെ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് കടക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
വിഷയത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.
What's Your Reaction?



