പ്ലീഡർ നിയമന തർക്കത്തിൽ മഞ്ഞുരുക്കം; അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി
തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ മഞ്ഞുരുക്കം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചു. നാളെയോ മറ്റന്നാളോ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം.
കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും ആദ്യം അനുമതി ലഭിച്ചിരുന്നില്ല. തർക്കം പരിഹരിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇടപെട്ടതിനെ തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് വഴി തെളിഞ്ഞത്. മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമായിരുന്നു സണ്ണി ജോസഫിന്റെ ഇടപെടൽ.
പ്ലീഡറായി എസ്‌എഫ്‌ഐ നേതാവിനെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി മുഖംതിരിച്ചതാണ് തർക്കം രൂക്ഷമാക്കിയത്. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശവും കെഎസ്‌യുവിനെ ചൊടിപ്പിച്ചിരുന്നു.
തേവര എസ്.എച്ച്. കോളേജിൽ നടന്ന ഹെൽത്ത് സമ്മിറ്റിനിടെ അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് അലോഷ്യസ് സേവ്യർ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, പ്ലീഡർ നിയമന വിവാദത്തിൽ കെഎസ്‌യുവിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്. അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യുവിലെ ഒരു വിഭാഗം സംസ്ഥാന-ജില്ലാ ഭാരവാഹികൾ രംഗത്തെത്തി. എന്നാൽ ആശങ്കകൾ നിലനിൽക്കുന്നുവെന്നും നിലപാടിൽ ഗ്രൂപ്പില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
What's Your Reaction?



