പൊതിച്ചോറ് വിതരണം നിരോധിക്കുന്നത് എന്ത് നേട്ടത്തിനെന്ന് പിണറായി വിജയൻ

Jul 19, 2026 - 21:32
Jul 19, 2026 - 21:32
 0
പൊതിച്ചോറ് വിതരണം നിരോധിക്കുന്നത് എന്ത് നേട്ടത്തിനെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടവർ നിലവിലുള്ള പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് എത്രത്തോളം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ഡിവൈഎഫ്ഐ വർഷങ്ങളായി നടത്തി വരുന്ന പൊതിച്ചോറ് വിതരണം നിരോധിക്കുന്നതിലൂടെ യുഡിഎഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കും എന്ത് നേട്ടമാണ് ലഭിക്കുകയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

രാഷ്ട്രീയ പരിഗണനകളില്ലാതെ ചികിത്സ തേടുന്നവർക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇതെന്ന് പിണറായി പറഞ്ഞു. അതിൽ സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലർത്താൻ മനുഷ്യത്വമില്ലാത്തവർക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വിമർശിച്ചു.

കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ഭിന്നതകൾക്കും അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ച് നടക്കുന്ന പൊതിച്ചോറ് വിതരണം ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപാണ് തിരക്കുപിടിച്ച് നിരോധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്ത് നേട്ടമാണ് അതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും അവയ്ക്ക് പരിഹാരം കാണാതെ മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പിണറായി ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പകർച്ചവ്യാധികൾ മൂലം 150 പേർ മരിച്ചെന്നും, വിവിധ ജില്ലകളിൽ 20 ഗുരുതര ചികിത്സാപിഴവുകൾ റിപ്പോർട്ട് ചെയ്തെന്നും, ഷിഗെല്ല വ്യാപനം മുൻകാലത്തേക്കാൾ 10 ഇരട്ടിയിലേറെയായെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ഡോക്ടർമാരുടെ നിയമനം വൈകുന്നതും ആശുപത്രികളിൽ മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുന്നതും തുടരുമ്പോഴും ജനോപകാരപ്രദമായ പൊതിച്ചോറ് വിതരണം നിരോധിക്കാനാണ് സർക്കാരിന് തിടുക്കമെന്ന് അദ്ദേഹം വിമർശിച്ചു. വിശക്കുന്നവന് ആഹാരം നൽകുക മനുഷ്യത്വമാണെന്നും അത് തിരിച്ചറിയാനുള്ള വിവേകം ഒരു ജനാധിപത്യ സർക്കാരിന് ഉണ്ടായിരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow