ഹരിപ്പാട് ഞെട്ടിക്കുന്ന സംഭവം: വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ 19-കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറി ജനലിലൂടെ പുറത്തെറിഞ്ഞു
ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. വയറുവേദനയെന്ന് പറഞ്ഞ് അച്ഛനും സഹോദരങ്ങൾക്കുമൊപ്പം ഇന്ന് പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിലെത്തിയ പത്തൊൻപതുകാരിയായ അവിവാഹിതയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത്. താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു.
പ്രസവത്തിന് പിന്നാലെ ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെങ്കിലും, കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരക്കുഞ്ഞിനെ കണ്ടെത്തി രക്ഷപെടുത്തിയത്. അദ്ഭുതകരമായി വീഴ്ചയിൽ കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും കുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്ധ പരിചരണത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ കുഞ്ഞ് അവിടെ ന്യൂ ബോൺ ഐസിയുവിൽ നിരീക്ഷണത്തിലാണ്.
What's Your Reaction?

