തലസ്ഥാനത്തെ സംഘർഷം: എസ്എഫ്ഐ ജില്ലാ ഭാരവാഹികളടക്കം 11 നേതാക്കൾക്കെതിരെ കേസ്
തിരുവനന്തപുരം പാളയത്ത് കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉൾപ്പെടെയുള്ള പത്ത് നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവപ്രസാദിന് പുറമെ ആദര്‍ശ്, നന്ദന്‍, സംഗീത്, ആദിത്യ ശങ്കര്‍, അനന്ദു വി എസ്, ആഷിഖ്, സന്ദീപ് ഡി എസ്, ശ്രീജിത, മനീഷ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹളയുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ കണ്ടാലറിയാവുന്ന കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഇരുവിഭാഗവും പരസ്പരം കല്ലും കരിക്കും വലിച്ചെറിഞ്ഞതോടെയാണ് പാളയത്ത് യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടത്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശിയെങ്കിലും പ്രവർത്തകർ പിന്തിരിയാത്തതിനെ തുടർന്ന് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കേണ്ടി വന്നു. എസ്എഫ്‌ഐക്കാരുടെ കല്ലേറിലാണ് മണ്ണന്തല എസ്എച്ച്ഒയുടെ കൈക്ക് പൊട്ടലേറ്റത്. സംഘർഷത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന നേതാക്കളായ പി.എസ് സഞ്ജീവ്, ശിവപ്രസാദ് എന്നിവരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനറൽ ആശുപത്രിയിലെത്തി സന്ദർശിച്ചു. അതേസമയം, പോലീസിനും കെഎസ്‌യുവിനുമെതിരെ രൂക്ഷമായ വിമർശനവുമായി എ.എ റഹീം എംപിയും എസ്എഫ്ഐ നേതാക്കളും രംഗത്തെത്തി. പോലീസ് ഏകപക്ഷീയമായി വി.ഡി സതീശൻ ഭക്തിയിൽ എസ്എഫ്ഐ വനിതാ പ്രവർത്തകർക്കടക്കം നേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നും, കെഎസ്‌യുവും പോലീസും ചേർന്നാണ് ഈ സംഘർഷം ക്ഷണിച്ച് വരുത്തിയതെന്നും എ.എ റഹീം ആരോപിച്ചു. മാന്യമായി പ്രകടനം നടത്തിയവർക്ക് നേരെ കെഎസ്‌യു അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദും, പോലീസിന്റെ ഏകപക്ഷീയ നിലപാട് തുടർന്നാൽ മര്യാദ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവും മുന്നറിയിപ്പ് നൽകി. കേരള സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ആറും കെഎസ്‌യു നാലും സീറ്റുകളാണ് നേടിയത്.
What's Your Reaction?

