ഇറാനിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തിന് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തി

May 26, 2026 - 10:35
May 26, 2026 - 10:37
 0
ഇറാനിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തിന് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തി

വാഷിങ്ടണ്‍: ഇറാനിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തിന് നേരെ അമേരിക്ക ശക്തമായ സൈനിക ആക്രമണം നടത്തി. തുറമുഖത്തെ മിസൈൽ വിക്ഷേപണ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ സൈനിക നീക്കമെന്നാണ് യുഎസ് സൈന്യം നൽകുന്ന വിശദീകരണം. ആക്രമണത്തിന് പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപത്തുനിന്നും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ ആക്രമണം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമോ അവസാനമോ അല്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥർ നിലവിൽ വ്യക്തമാക്കുന്നത്.

അമേരിക്കയുമായുള്ള സമാധാന കരാർ ചർച്ചകൾക്കായി ഇറാന്റെ ഉന്നതതല സംഘം ഖത്തറിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കണം എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാന കരാർ രൂപീകരണം കൂടുതൽ പ്രതിസന്ധിയിലാവുകയാണ്.

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതിലും ലെബനനിലെ വെടിനിർത്തലിലുമുള്ള തർക്കങ്ങൾ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വൈകുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം പിൻവലിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്ന കാര്യത്തിൽ കടുത്ത നിലപാടിലാണ് യുഎസ്. ഇതിന് പുറമെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഇറാന്റെ ആണവ പദ്ധതികളും സംബന്ധിച്ചുള്ള തർക്കങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് വലിയ തടസ്സമായി തുടരുന്നതിനിടയിലാണ് പുതിയ സൈനിക നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow