കൊല്ലത്ത് പോലീസുകാരന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിലായി
കൊല്ലം : കൊല്ലം അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്തായ ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്നവരാണ് ഇരുവരും. പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ വിവേകുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം കല്യാണം മുടങ്ങിയതിലുള്ള വൈരാഗ്യമാണ് ബൈക്ക് കത്തിക്കുന്നതിലേക്ക് ആരതിയെ നയിച്ചത്. എന്നാൽ, പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയായ ആരതി വിഷം കഴിച്ചതിനെ തുടർന്ന് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള സ്റ്റേഷനിലെ സിപിഒ ആയ വിവേകിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. കേസ് വഴിതിരിച്ചുവിടാനും ഇതൊരു രാഷ്ട്രീയ അക്രമമാണെന്ന് വരുത്തിതീർക്കാനും പ്രതികൾ ബോധപൂർവ്വം ശ്രമിച്ചിരുന്നു. മൂന്ന് വർഷം മുൻപ് പുനലൂർ കോളേജിലെ കെഎസ്‌യു പ്രവർത്തകരെ വിവേക് ഉൾപ്പെടെയുള്ള പൊലീസുകാർ ലാത്തിച്ചാർജ് ചെയ്തതിലുള്ള പ്രതികാരമായാണ് ബൈക്ക് കത്തിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
എന്നാൽ, പുലർച്ചെ പ്രദേശത്ത് അപരിചിതരായ രണ്ട് സ്ത്രീകളെ കണ്ടതായി ഒരു സമീപവാസി മൊഴി നൽകിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്തുകയും, ഓട്ടോക്കൂലി നൽകാൻ ഉപയോഗിച്ച ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. വിവേകും ആരതിയും തമ്മിൽ ഒത്തുപോകാൻ കഴിയില്ലെന്ന് വന്നതോടെ നഷ്ടപരിഹാരം നൽകിയാണ് വിവേക് വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇതിലുള്ള കടുത്ത പകയാണ് സുഹൃത്തിന്റെ സഹായത്തോടെ ബൈക്ക് കത്തിക്കാൻ ആരതിയെ പ്രേരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
What's Your Reaction?



