വിധിയിൽ അപ്പീൽ പോകണം; അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ
ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ല. അദ്ദേഹത്തെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്നും അതിജീവിതയ്‌ക്ക് സംഘടനയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ശ്വേതാ മേനോൻ പറഞ്ഞ പ്രധാന കാര്യങ്ങൾ ഇവയാണ്. "കഴിഞ്ഞ എട്ടു വർഷമായി ആ കുട്ടി നടത്തുന്ന പോരാട്ടം എല്ലാവർക്കും വലിയൊരു മാതൃകയാണ്. അവൾക്കൊപ്പം തന്നെയാണ് ഞങ്ങൾ. "വിധിയിൽ അപ്പീൽ പോകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഞാൻ ആ കുട്ടിയുടെ സ്ഥാനത്തായിരുന്നെങ്കിൽ തീർച്ചയായും അപ്പീൽ പോകുമായിരുന്നു." നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്ന വാർത്തകൾ ശ്വേതാ മേനോൻ നിഷേധിച്ചു.
ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ല. അദ്ദേഹത്തെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. "കഴിഞ്ഞ ദിവസം ചേർന്നത് അടിയന്തര യോഗമായിരുന്നില്ല. അത് മൂന്നാഴ്ച മുമ്പ് തീരുമാനിച്ചതായിരുന്നു. ദിലീപിനെ തിരിച്ചെടുക്കണം എന്ന് യോഗത്തിൽ ആരും അഭിപ്രായപ്പെട്ടിട്ടില്ല."
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംഘടന മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ശ്വേത കൂട്ടിച്ചേർത്തു. ദിലീപ് ഇനി സംഘടനയിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ തനിക്ക് ഇപ്പോൾ അറിവില്ലെന്നും അവർ പറഞ്ഞു.
What's Your Reaction?

