ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം; സിജെപി വെബ്സൈറ്റിൽ അഞ്ച് ലക്ഷത്തിലധികം പേർ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി രൂപീകരിച്ച ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) തങ്ങളുടെ വെബ്‌സൈറ്റ് വീണ്ടും സജീവമാക്കിയതായി സ്ഥാപകൻ അഭിജീത് ദീപ്‌കെ അറിയിച്ചു. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വെബ്‌സൈറ്റിലൂടെ നടത്തുന്ന ഓൺലൈൻ ഒപ്പ് ശേഖരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനകം അഞ്ച് ലക്ഷത്തിലധികം ആളുകൾ ഒപ്പുവെച്ച ഹർജിയിൽ പത്ത് ലക്ഷം ഒപ്പുകൾ ശേഖരിക്കുകയാണ് സിജെപിയുടെ ലക്ഷ്യം. പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാൾ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാർത്ഥികൾ അർഹിക്കുന്നുണ്ടെന്നും, എല്ലാ പ്രതിസന്ധികളെയും പാറ്റകൾ അതിജീവിക്കുമെന്നും അഭിജീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേസമയം, പാർട്ടിയുടെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ അഭിജീത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി കോടതി ഇന്ന് പരിഗണിക്കും. എന്നാൽ, സിജെപിയുടെ പ്രവർത്തനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മറ്റൊരു ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഈ വിഷയത്തെ വൈകാരികമായി സമീപിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച കോടതി നടപടികൾക്കിടയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത ചില യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും 'കോക്രോച്ചുകൾ' (പാറ്റകൾ), 'പരാന്നഭോജികൾ' എന്ന് ഉപമിച്ചതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ആക്ഷേപഹാസ്യ കൂട്ടായ്മ രൂപംകൊണ്ടത്.
'യുവാക്കൾക്കുവേണ്ടി, യുവാക്കളാൽ' എന്ന മുദ്രാവാക്യമുയർത്തുന്ന ഈ പാർട്ടി തങ്ങളെ 'സെക്യുലർ-സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-ലേസി' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. നിലവിലുള്ള വ്യവസ്ഥിതി ശ്രദ്ധിക്കാൻ മറന്നുപോയ മടിയന്മാരുടെയും തൊഴിൽരഹിതരുടെയും ശബ്ദമായാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് സിജെപി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
What's Your Reaction?



