പശ്ചിമേഷ്യയിൽ വെടിനിർത്തൽ: വിജയമവകാശപ്പെട്ട് യുഎസും ഇറാനും; നിർണ്ണായക ചർച്ചകൾ ഏപ്രിൽ 11-ന്

Apr 8, 2026 - 10:03
Apr 8, 2026 - 10:03
 0
പശ്ചിമേഷ്യയിൽ വെടിനിർത്തൽ: വിജയമവകാശപ്പെട്ട് യുഎസും ഇറാനും; നിർണ്ണായക ചർച്ചകൾ ഏപ്രിൽ 11-ന്

ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, തങ്ങൾ വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കയും ഇറാനും രംഗത്തെത്തി. ഇറാനിയൻ ജനതയ്ക്കെതിരായ 'നിയമവിരുദ്ധ യുദ്ധത്തിൽ' ശത്രുവിന് ചരിത്രപരമായ പരാജയം സംഭവിച്ചുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അവകാശപ്പെട്ടു.

അമേരിക്കയെ തങ്ങളുടെ പത്തിന ഉപാധികൾ അംഗീകരിപ്പിക്കാൻ നിർബന്ധിതരാക്കിയതാണ് വലിയ വിജയമായി ഇറാൻ ഉയർത്തിക്കാട്ടുന്നത്. ഈ നിബന്ധനകൾ ചർച്ചകളിലൂടെ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാവുകയുള്ളൂ എന്ന് സുരക്ഷാ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിജയത്തിൽ ഇറാൻ ജനതയെ അഭിനന്ദിച്ച കൗൺസിൽ, വിശദാംശങ്ങൾ അന്തിമമാകുന്നത് വരെ ക്ഷമയും വിവേകവും പുലർത്തണമെന്നും ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭ്യർത്ഥിച്ചു.പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്.

ഏപ്രിൽ 11-ന് പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് ഇറാന്റെ ഉപാധികളിൽമേൽ ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. ചർച്ചകൾ വിജയകരമാവുകയാണെങ്കിൽ നിലവിലെ വെടിനിർത്തൽ കാലാവധി നീട്ടാനും സാധ്യതയുണ്ട്. ഇരുരാജ്യങ്ങളിലെയും പ്രതിനിധികളെ ഷെഹബാസ് ഷെരീഫ് പാകിസ്താനിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

"ഇറാൻ പത്ത് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും തുടർന്നുള്ള ചർച്ചകൾ ഇതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു."

ഉപാധികൾ എന്തൊക്കെയാണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇറാൻ അധികൃതർ ഇവ പരസ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളിൽ ഈ ചർച്ചകൾ നിർണ്ണായകമാകും.

ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ

1. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യുഎസ് ഉറപ്പുനൽകണം

2. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം തുടരണം

3. ഇറാന്റെ ആണവോർജ്ജം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം

4. എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കണം

5. എല്ലാ ദ്വിതീയ ഉപരോധങ്ങളും പിൻവലിക്കണം

6. ഇറാനെതിരായ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ അവസാനിപ്പിക്കണം

7. ഇറാനെതിരായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് പ്രമേയങ്ങൾ അവസാനിപ്പിക്കണം

8. യുദ്ധത്തിലെ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകണം

9. മേഖലയിൽനിന്ന് യുഎസ് സേനയെ പിൻവലിക്കണം

10. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും ശത്രുത അവസാനിപ്പിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow