ഇറാനിൽ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം; ഭരണനിയന്ത്രണം പിടിച്ചെടുത്ത് ഐ.ആർ.ജി.സി
പ്രസിഡന്റ് നിർദ്ദേശിച്ച പ്രതിരോധ മന്ത്രി ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു
ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ കടുത്ത ആഭ്യന്തര തർക്കം. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെ നിഷ്പ്രഭനാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) രാജ്യത്തിന്റെ ഭരണനിയന്ത്രണം പിടിച്ചെടുത്തതായി 'ഇറാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ നീക്കം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ ഇടപെടലിനെത്തുടർന്ന് പരാജയപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇതോടെ രാജ്യത്തെ തന്ത്രപ്രധാനമായ തീരുമാനങ്ങളെല്ലാം സൈനിക നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പ്രസിഡന്റ് നിർദ്ദേശിച്ച പ്രതിരോധ മന്ത്രി ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് സുപ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങൾ സൈന്യം നേരിട്ട് നടത്തുമെന്ന് അഹമ്മദ് വാഹിദി പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന് ചുറ്റും ഐആർജിസി ശക്തമായ സുരക്ഷാവലയം തീർത്തിരിക്കുകയാണ്. രാജ്യത്തെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ടുകൾ അദ്ദേഹത്തിന് ലഭിക്കുന്നത് സൈന്യം തടയുന്നതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തിന്റെ ഭരണത്തലവനായ പ്രസിഡന്റിന് പോലും പരമോന്നത നേതാവിനെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ഇറാൻ ഭരണകൂടം പൂർണ്ണമായും അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട അവസ്ഥയിലാണ്. അമേരിക്ക ഇറാന് നേരെ ആക്രമണം തുടരുകയാണെങ്കിൽ അതിശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. നയതന്ത്ര നീക്കങ്ങളേക്കാൾ സൈനികമായ നീക്കങ്ങൾക്കാണ് ഇപ്പോൾ ഇറാനിൽ മുൻഗണന നൽകുന്നത്.
What's Your Reaction?