ബെംഗളൂരുവിലെ ഡേ കെയറിൽ കുരുന്നുകളോട് ക്രൂരത: വാഷിങ് മെഷീനിലും ബാത്ത്റൂമിലും പൂട്ടിയിട്ടു; 5 ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഒരു പ്രമുഖ ഐടി കമ്പനി ക്യാമ്പസ് ഡേ കെയറിൽ കുരുന്നുകൾക്ക് നേരെ ക്രൂരമായ പീഡനം. സംഭവത്തിൽ ഡേ കെയറിലെ അഞ്ച് ജീവനക്കാരികൾക്കെതിരെ പോലീസ് കേസെടുത്തു. ക്യാമ്പസിനുള്ളിലെ ഡേ കെയറിൽ നടന്ന ദാരുണമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ജീവനക്കാരുടെ ക്രൂരത പുറംലോകമറിഞ്ഞത്. ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലി സമയത്ത് തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി നോക്കാനേൽപ്പിച്ച ഡേ കെയറിലാണ് രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡേ കെയറിലെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ചൈൽഡ് ലൈൻ അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് ഉടനടി നടപടി സ്വീകരിക്കുകയുമായിരുന്നു. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. കുഞ്ഞുങ്ങൾ കരയുമ്പോഴും ബഹളം വെക്കുമ്പോഴും അവരെ ബാത്ത്‌റൂമിലും വാഷിങ് മെഷീനിലും വരെ അടച്ചിട്ട് ക്രൂരത കാട്ടിയിരുന്നതായി പോലീസ് കണ്ടെത്തി. ടോയ്‌ലറ്റിലിരിക്കുന്ന കുട്ടികളുടെ വായിലേക്ക് ടൊയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിച്ചതായും പരാതിയിലുണ്ട്.
നിലവിൽ പ്രതികളായ ജീവനക്കാരികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളിലുള്ള കുട്ടികൾക്ക് പുറമെ മറ്റു കുട്ടികളും ഇത്തരം പീഡനങ്ങൾക്കിരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ നിലവിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കർശനമായ നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
What's Your Reaction?



