നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9-ന് സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാനോ കുറവ് വരുത്താനോ പാടി

Apr 1, 2026 - 18:00
Apr 1, 2026 - 18:01
 0
നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9-ന് സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 9-ന് അവധി നൽകിക്കൊണ്ട് സംസ്ഥാന ലേബർ കമ്മീഷണറാണ് ഉത്തരവിറക്കിയത്.

വോട്ട് ചെയ്യാനുള്ള ജീവനക്കാരുടെ അവകാശം ഉറപ്പാക്കുന്നതിനായി ലേബർ കമ്മീഷണർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. ഐടി മേഖല, പ്ലാന്റേഷനുകൾ, വ്യവസായ ശാലകൾ, നിർമ്മാണ മേഖല തുടങ്ങി എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്.

അവധി നൽകുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാനോ കുറവ് വരുത്താനോ പാടില്ല. സാധാരണ ഗതിയിൽ അവധി ദിവസം ശമ്പളം ലഭിക്കാത്ത രീതിയിൽ ജോലി ചെയ്യുന്നവർക്കും ഈ ദിവസം വേതനം നൽകണം. ആശുപത്രികൾ പോലുള്ള അത്യാവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ തൊഴിലുടമ പ്രത്യേക അനുമതിയും സൗകര്യവും ഉറപ്പാക്കണം.

സ്ഥിരം ജീവനക്കാർക്ക് പുറമെ ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ, കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും ശമ്പളത്തോടു കൂടിയ ഈ അവധിക്ക് അർഹതയുണ്ട്. ജോലി ചെയ്യുന്ന മണ്ഡലത്തിലല്ലാതെ മറ്റൊരു മണ്ഡലത്തിൽ വോട്ടുള്ള തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ പോകുന്നതിനായി ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നു. ഇത് ദിവസവേതനക്കാർക്കും കരാർ തൊഴിലാളികൾക്കും ഒരുപോലെ ബാധകമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow