തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് നടപടി. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.
അന്വേഷണ വിധേയമായാണ് സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്.അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരിബാബുവാണ്.
ചെമ്പുപാളിയെന്ന് രജിസ്റ്ററിലെഴുതിയാണ് 2019 ൽ സ്വർണം പൂശാൻ നൽകിയതെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെയ്ത കാര്യങ്ങൾ എല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞു.