ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അത്യന്തം സങ്കീർണം
രക്തക്കുഴലുകളോട് ഒട്ടിച്ചേർന്നിരിക്കുന്ന വയർ പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയാൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നത് അത്യന്തം സങ്കീർണമെന്ന് ആരോഗ്യ വിദഗ്ധർ. സുമയ്യ എന്ന യുവതിയുടെ നെഞ്ചിലെ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്ന നിലയിലുള്ള വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്നാണ് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയത്. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് സുമയ്യയുടെ ചികിത്സാ രേഖകൾ വിശദമായി പരിശോധിച്ച് ഈ നിഗമനത്തിലെത്തുകയായിരുന്നു.
നിലവിൽ രക്തക്കുഴലുകളോട് ഒട്ടിച്ചേർന്നിരിക്കുന്ന വയർ പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയാൽ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യതയുണ്ട്. വയർ പുറത്തെടുക്കാതിരിക്കുന്നതാണ് സുരക്ഷിതം. വയർ ശരീരത്തിൽ കിടക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമാനം.
ഈ വിലയിരുത്തലുകൾ യുവതിയെയും കുടുംബത്തെയും ബോധ്യപ്പെടുത്താൻ വിദഗ്ധര്‍ തീരുമാനിച്ചു. വയർ പുറത്തെടുക്കണമെന്ന് സുമയ്യ ആവശ്യപ്പെട്ടാൽ അതിന്റെ റിസ്ക് ബോദ്ധ്യപ്പെടുത്തും. ശ്രീചിത്രയിലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ബോർഡ് ഈ നിർണ്ണായക തീരുമാനമെടുത്തത്.
ശ്വാസംമുട്ടൽ അടക്കമുള്ള കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചു. ഇതിൽ അടുത്ത ദിവസം വിശദമായ പരിശോധന നടത്തും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർ ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
സുമയ്യയുടെ ശാരീരികാവസ്ഥയ്ക്ക് സർക്കാർ പരിഹാരം കാണണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മാർച്ച് 22 ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയ്ക്കിടെ രക്തവും മരുന്നും നൽകാനായി സ്ഥാപിച്ച സെൻട്രൽ ലൈനിന്റെ ഗൈഡ് വയറാണ് സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിരുന്നു. എന്നാൽ, പിഴവ് വരുത്തിയവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
What's Your Reaction?

