അമ്മ'യിൽ രാജി പരമ്പര തുടരുന്നു; ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിവെച്ചു

Jul 3, 2026 - 00:47
Jul 3, 2026 - 01:00
 0
അമ്മ'യിൽ രാജി പരമ്പര തുടരുന്നു; ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിവെച്ചു

   കൊച്ചി: വിവാദങ്ങൾ തുടരുന്നതിനിടെ താരസംഘടനയായ 'അമ്മ'യിൽ രാജി പരമ്പരയ്ക്ക് വീണ്ടും തുടർച്ച. നടന്മാരായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ സംഘടനയിലെ സ്ഥാനങ്ങളിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. സംഘടനയുടെ ഔദ്യോഗിക ഇ-മെയിലിലൂടെയാണ് ഇവർ രാജിക്കത്ത് കൈമാറിയത്. നേരത്തെ രാജി പ്രഖ്യാപിച്ചിരുന്ന ഭരണസമിതി അംഗങ്ങളാണ് ഇപ്പോൾ ഔദ്യോഗിക നടപടികളും പൂർത്തിയാക്കിയത്.
അതേസമയം, സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാതെ സ്ഥാനമൊഴിയില്ലെന്ന് വ്യക്തമാക്കിയ ശ്വേത, ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 'അമ്മ'യെ അനാഥമാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
ജനറൽ ബോഡി യോഗത്തിൽ ഭരണസമിതി രാജിവെക്കണമെന്ന ആവശ്യം ചിലർ മുന്നോട്ടുവച്ചിരുന്നുവെന്നും, എന്നാൽ സംഘടനയുടെ ബൈലോയിൽ അഡ്‌ഹോക്ക് കമ്മിറ്റിയെക്കുറിച്ച് വ്യവസ്ഥയില്ലെന്നും ശ്വേത ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി പൂർണമായും രാജിവെച്ചാൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കുന്നതുവരെ പഴയ കമ്മിറ്റി തന്നെ തുടരണമെന്നാണ് നിലവിലെ ചട്ടമെന്നും, മുൻ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ പരിഗണന നിഷേധിക്കപ്പെടുന്നതെന്തുകൊണ്ടാണെന്നും ശ്വേത ചോദിച്ചു.
സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ സംഘടനയ്ക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. ആരുടെയും പാവയാകാൻ തയ്യാറല്ലെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തനിക്കെതിരെ ആസൂത്രിതമായ ദുഷ്പ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉയർത്തിയിരുന്നുവെന്നും അവർ ആരോപിച്ചു. മുൻ ഭരണസമിതി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാനുള്ള അവസരം പോലും നിക്ഷിപ്ത താൽപര്യക്കാർ തടയുകയാണെന്നും ശ്വേതയുടെ വിമർശനം.
ഇതിനിടെ ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ലെന്നത് സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും ചർച്ചകൾ ശക്തമായി. ശ്വേത ഉൾപ്പെടെ ആരും ഔദ്യോഗികമായി രാജി നൽകിയിട്ടില്ലെന്നായിരുന്നു നടൻ രമേശ് പിഷാരടിയുടെ പ്രതികരണം. ഈ വിവാദങ്ങൾക്കിടെയാണ് ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചതോടെ 'അമ്മ'യിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow