അച്ഛന്റെ മൃതദേഹത്തിനരികെ കാട്ടില്‍ ഒരു രാത്രി ; അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് പിതാവിനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി
തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ അഞ്ചുവയസ്സുകാരനായ മകന്റെ മുന്നിലിട്ട് പിതാവിനെ അമ്മയുടെ കാമുകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭയന്നോടിയ ബാലൻ ഒരു രാത്രി മുഴുവൻ കാട്ടിൽ അച്ഛന്റെ മൃതദേഹത്തിനരികെ കഴിഞ്ഞു. സംഭവത്തിൽ പ്രതിയായ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗാന്ധിയുടെ ഭാര്യ രാസാത്തി അടുത്തിടെ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം ഒളിച്ചോടിയിരുന്നു. ഭാര്യയെ അന്വേഷിച്ച് മകനുമായി അന്നമയ്യയിലെത്തിയ ഗാന്ധി നരസിംഹലുവിനെ നേരിൽ കണ്ടു. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് നരസിംഹലുവും കൂട്ടാളികളും ഗാന്ധിയെ സമീപത്തെ വനമേഖലയിലേക്ക് മദ്യപിക്കാനായി ക്ഷണിച്ചു കൊണ്ടുപോയി.
വനത്തിനുള്ളിൽ വെച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ഈ ദൃശ്യങ്ങൾ കണ്ട് പകച്ചുപോയ അഞ്ചുവയസ്സുകാരൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.
പ്രതികൾ സ്ഥലം വിട്ടതിന് ശേഷം കുറ്റിക്കാട്ടിൽ നിന്നിറങ്ങിയ ബാലൻ, നേരം വെളുക്കുന്നതുവരെ പിതാവിന്റെ മൃതദേഹത്തിന് കാവലിരുന്നു. ചൊവ്വാഴ്ച രാവിലെ കാട്ടിൽ നിന്ന് പുറത്തുകടന്ന കുട്ടി അടുത്തുള്ള ഗ്രാമത്തിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുഖ്യപ്രതി നരസിംഹലുവിനെയും സഹായികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അനാഥനായ അഞ്ചുവയസ്സുകാരനെ നിലവിൽ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
What's Your Reaction?