മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം: ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; സിആര്‍പിഎഫ് വെടിവയ്പില്‍ രണ്ട് മരണം
കൊൽക്കത്ത: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിലുണ്ടായ ബോംബ് ആക്രമണത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. മൊയ്രാങ്ങിൽ വീടിന് നേരെയുണ്ടായ ബോംബേറിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ച് വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്. പിന്നാലെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധം അടിച്ചമർത്താൻ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് മൊയ്രാങ്ങിലെ ഒരു വീടിന് നേരെ ബോംബ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ കുട്ടികൾ തൽക്ഷണം മരിക്കുകയും അവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുട്ടികളുടെ മരണവാർത്ത പരന്നതോടെ പ്രകോപിതരായ ജനക്കൂട്ടം സമീപത്തെ സിആർപിഎഫ് ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങി.
പ്രതിഷേധക്കാർ സിആർപിഎഫ് വാഹനങ്ങൾക്കും പോലീസ് ഔട്ട്‌പോസ്റ്റിനും രണ്ട് ഓയിൽ ടാങ്കറുകൾക്കും തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെയാണ് സുരക്ഷാസേന വെടിവയ്പ് നടത്തിയത്.
വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരെല്ലാം മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരാണ്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ബിഷ്ണുപുർ ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാൽ താഴ്‌വരയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ കുക്കി വിഭാഗമാണെന്ന് ആരോപണമുയർന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഇംഫാൽ താഴ്‌വരയിൽ ഹർത്താൽ ആചരിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ സേനയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
What's Your Reaction?