'എന്റെ പേരിൽ ഒരു എഫ്‌ഐആർ പോലുമില്ല'; വ്യാജപ്രചാരണത്തിൽ പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ

Apr 8, 2026 - 13:35
Apr 8, 2026 - 13:36
 0
'എന്റെ പേരിൽ ഒരു എഫ്‌ഐആർ പോലുമില്ല'; വ്യാജപ്രചാരണത്തിൽ പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ

അടൂർ: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ മനംനൊന്ത് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. താൻ കൊലക്കേസ് പ്രതിയാണെന്ന തരത്തിൽ വ്യാജ ലഘുലേഖകൾ പ്രചരിപ്പിച്ച് തന്നെ തേജോവധം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പേരിൽ ഒരു എഫ്‌ഐആർ പോലുമില്ലെന്നും കുറ്റം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന തന്നെ വ്യക്തിഹത്യ ചെയ്യാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് ശാന്തകുമാർ ആരോപിച്ചു. നോട്ടീസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ ഒരു കേസിലും പ്രതിയല്ല. നിലവിൽ ഒരു ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിക്കുന്ന എനിക്കെതിരെ കേസുകളുണ്ടോ എന്ന് കളക്ടർ അന്വേഷിച്ചതാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്."

പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനും ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നത്. എനിക്കെതിരെ ഒരു എഫ്‌ഐആർ ഉണ്ടെന്ന് തെളിയിച്ചാൽ ഞാൻ മത്സരരംഗത്ത് നിന്ന് പിന്മാറാം."

ഞാൻ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയല്ല, തുമ്പമണ്ണിൽ ജനിച്ച് വളർന്നവനാണ്. എന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും ശാന്തകുമാർ പറഞ്ഞു.

തനിക്കെതിരെ വ്യാജ നോട്ടീസ് ഇറക്കിയ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശാന്തകുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. വോട്ടർമാർ സത്യം തിരിച്ചറിയുമെന്നും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow