വട്ടിയൂർക്കാവിൽ മുരളീധരന്റെ വിജയത്തിന് സുഗതൻ പ്രവർത്തിച്ചു; നന്ദിസൂചകമായാണ് പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചത്: എ എ റഹീം

Jun 11, 2026 - 15:25
Jun 11, 2026 - 15:25
 0
വട്ടിയൂർക്കാവിൽ മുരളീധരന്റെ വിജയത്തിന് സുഗതൻ പ്രവർത്തിച്ചു; നന്ദിസൂചകമായാണ് പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചത്: എ എ റഹീം

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കെ മുരളീധരന്റെ വിജയത്തിനായി ബിജെപി നേതാവും കാപ്പാ കേസ് പ്രതിയുമായ സുഗതൻ പ്രവർത്തിച്ചിരുന്നുവെന്ന് ആരോപിച്ച് എ എ റഹീം എംപി. അതിന്റെ നന്ദിസൂചകമായാണ് സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ എതിർത്ത് മുരളീധരൻ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സുഗതനെതിരെ 11 കേസുകളുണ്ടെന്നും അവ രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളല്ലെന്നും റഹീം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കേസുകളിൽ കാപ്പ ചുമത്താറില്ലെന്നും, സുഗതൻ ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടാസംഘങ്ങൾക്ക് ബിജെപി പരസ്യ പിന്തുണ നൽകുകയാണെന്നും തിരുവനന്തപുരത്തെ മാഫിയവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റഹീം വിമർശിച്ചു.

അതേസമയം, സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ കെ മുരളീധരൻ നേരത്തെ വിമർശിച്ചിരുന്നു. അനാവശ്യമായ സംഘർഷാവസ്ഥയാണ് പൊലീസ് സൃഷ്ടിച്ചതെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ സമാധാനപരമായി കൈകാര്യം ചെയ്യണമെന്നാണ് സ്ഥലം എംഎൽഎ എന്ന നിലയിൽ തന്റെ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. വധശ്രമക്കേസിൽ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. വീട് വളഞ്ഞ് നടത്തിയ ഓപ്പറേഷനിലൂടെ സുഗതനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിനിടെ പൊലീസ് മർദിച്ചുവെന്നാരോപിച്ച് സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. മുഖത്തടിക്കുകയും നടുവിൽ ചവിട്ടുകയും ചെയ്തതായി അവർ ആരോപിച്ചു. കുട്ടികൾ നോക്കി നിൽക്കേ പൊലീസ് വെടിയുതിർത്തെന്നും കഴുത്തിലുണ്ടായിരുന്ന മാല വലിച്ചുപൊട്ടിച്ചെന്നും അശ്വതി പറഞ്ഞു.

എന്നാൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നതായും അതിനാലാണ് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നതെന്നും പൊലീസ് വിശദീകരിച്ചു. അറസ്റ്റിനിടെ ചില പൊലീസുകാർക്ക് പരിക്കേറ്റതായും അവർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ചതിന് സുഗതനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ സുഗതൻ ഒന്നാം പ്രതിയും സഹോദരൻ സന്ദീപ് രണ്ടാം പ്രതിയുമാണ്. കൂടാതെ, കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനിടെ, സുഗതനെതിരായ നടപടിക്ക് പിന്നിൽ സി.ഐ വിപിനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് വി വി രാജേഷും രംഗത്തെത്തി. സി.ഐ വിപിന് ക്രിമിനൽ മനോഭാവമുള്ള വ്യക്തിയാണെന്നും സുഗതനെ മനഃപൂർവം കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow