കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ

2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി

Mar 5, 2025 - 11:48
Mar 5, 2025 - 11:48
 0  4
കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക്  എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.  ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലിൽനിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെഎസ്ആർടിസിയിൽ കൊണ്ടുവരാനായിട്ടുണ്ടെന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് ജീവനക്കാരുടെ കൂട്ടായസഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. പെൻഷൻ നൽകുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവക്കുന്നുണ്ട്.  രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 2024 സെപ്റ്റംബർ വരെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാകും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാനായി. ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ  കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരിവരെയുള്ള  കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്.

കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ കുറക്കാൻ സിഎംഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും. 143 ബസുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കടമുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow