തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയ വത്ക്കരിക്കരിക്കുന്നതും പ്രത്യേക അജണ്ടയ്ക്ക് ഉഫയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.
രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.