പാലക്കാട് കാട്ടുപന്നി കുറുകെ ചാടി: കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് സ്വദേശികളാണ് മരിച്ച മൂന്ന് യുവാക്കളും
പാലക്കാട്: ചിറ്റൂർ റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പാലക്കാട് സ്വദേശികളാണ് മരിച്ച മൂന്ന് യുവാക്കളും. രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെ ചിറ്റൂർ-പാലക്കാട് റോഡിൽ കൊടുമ്പ് കല്ലിങ്കൽ ജങ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്.
സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമേ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കൂ. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട കാർ ആദ്യം മൈൽക്കുറ്റിയിലും പിന്നീട് മരത്തിലും ഇടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു.
കാർ പൂർണ്ണമായും തകർന്നു. അപകടകാരണം വന്യമൃഗം കുറുകെ ചാടിയതാണെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?



