പാലക്കാട്ട് വോട്ടിന് സാരിയും പണവും നല്‍കിയെന്ന് പരാതി;ശോഭ സുരേന്ദ്രനെതിരെ യുഡിഎഫും എല്‍ഡിഎഫും
പാലക്കാട്: ആവേശകരമായ പ്രചാരണത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടിന് നോട്ടും സാരിയും വിതരണം ചെയ്തെന്ന പരാതിയുമായി കോൺഗ്രസും സി.പി.എമ്മും രംഗത്ത്. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പിരിയാരി മേഖലയിലെ വീടുകളിൽ ബി.ജെ.പി പ്രവർത്തകർ സാരി വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വിവാദം കൊഴുക്കുകയാണ്.
പിരിയാരിയിലെ വിവിധ വീടുകളിൽ ബി.ജെ.പി പ്രവർത്തകർ സാരി നൽകിയതായി കോൺഗ്രസ് ആരോപിക്കുന്നു. കൊട്ടിക്കലാശത്തിന് എത്തിയ സ്ത്രീകൾ ഒരേപോലെയുള്ള സാരി ധരിച്ചെത്തിയതും എൻ.ഡി.എ കേന്ദ്രങ്ങളിൽ നിന്നുള്ള വിതരണത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്.
ശോഭ സുരേന്ദ്രൻ നേരിട്ടെത്തി സാരി വിതരണം നടത്തിയെന്ന് ആരോപണമുണ്ടെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇതുവരെ ലഭ്യമല്ല.
വോട്ടിന് നോട്ടും സാരിയും വിതരണം ചെയ്തുവെന്ന് കാണിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനും പാലക്കാട് എസ്.പിക്കും പരാതി നൽകി. വരും മണിക്കൂറുകളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് നേതാക്കൾ അറിയിച്ചു.
കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശിനി ദേവു എന്ന വയോധികയ്ക്ക് ബി.ജെ.പി പ്രവർത്തകർ പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി.
പുറത്തുനിന്നുള്ളവർ പണം നൽകിയിട്ടില്ലെന്നാണ് കുടുംബം മൊഴി നൽകിയിട്ടുള്ളത്. മാധ്യമങ്ങളോട് പണം ലഭിച്ചെന്ന് വയോധിക ആദ്യം പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, തങ്ങളോട് അവർ അത് നിഷേധിച്ചതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. ദൃശ്യങ്ങൾ കൂടുതൽ ആഴത്തിൽ പരിശോധിച്ച ശേഷമാകും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
What's Your Reaction?