കൊച്ചി: സി.ജെ. റോയിയുടെ മരണത്തിൽ പ്രതികരിച്ച് സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂർ. അവിശ്വസനീയമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും തനിക്കത് ഉള്‍ക്കൊളളാനായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എപ്പോഴും ചേർത്ത് നിർത്തുന്നയാളായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.
ഒരുപാട് വര്‍ഷത്തെ സൗഹൃദം തനിക്ക് റോയുമായി ഉണ്ടെന്നും നടന്‍ മോഹന്‍ലാലിനും തനിക്കുമൊപ്പം നിരവധി സിനിമകളില്‍ അദ്ദേഹം അസോസിയേറ്റ് ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. കൊച്ചിയിൽ വന്നപ്പോൾ കണ്ടിരുന്നു. കൂടെയുണ്ടായിരുന്നു. ഏറ്റവും വേണ്ടപ്പെട്ട സൗഹൃദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിചയപ്പെട്ട കാലം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഓടിച്ചെല്ലാന്‍ വരെ സൗഹൃദമുണ്ടായിരുന്ന ആളാണ് സി ജെ റോയ് എന്നും അദ്ദേഹം ഇനി ഇല്ല എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ആന്റണി പറഞ്ഞു.രസകരമായി ജീവിതത്തെ കണ്ട ഒരാളായിരുന്നു. അതുകൊണ്ട് തന്നെ ഉൾക്കൊള്ളാൻ പറ്റുന്നില്ല. ആര്‍ക്കും വിശ്വസിക്കാനാവാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന ആളായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.