ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായി പ്രതികരിച്ചതായി അടൂര്‍ പ്രകാശ് എം.പി
ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നതിനെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചറിഞ്ഞു
ശബരിമല സ്വർണക്കൊള്ളക്കേസിൽ പത്തനംതിട്ട എം.പിയും യു.ഡി.എഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (SIT) രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് നടന്ന ചോദ്യംചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നതിനെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എന്നാൽ, തന്റെ മണ്ഡലത്തിലെ വോട്ടറായ പോറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് ഒപ്പം പോയതെന്നാണ് എം.പിയുടെ വിശദീകരണം.
തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളിലും വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കൃത്യമായി പ്രതികരിച്ചു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തിയതിൽ അസ്വാഭാവികതയൊന്നുമില്ല. തന്റെ മറുപടിയിൽ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴികൾ കഴിഞ്ഞ ദിവസങ്ങളിൽ എസ്ഐടി രേഖപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വശങ്ങൾക്കപ്പുറം സ്വർണക്കൊള്ളയുടെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
What's Your Reaction?

