സ്പായിലെ ബലാത്സംഗം; കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് യുവതി

കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് വസ്ത്രങ്ങൾ അഴിപ്പിച്ചതെന്ന് അതിജീവിത വെളിപ്പെടുത്തി

Feb 7, 2026 - 12:30
Feb 7, 2026 - 12:31
 0
സ്പായിലെ ബലാത്സംഗം; കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് യുവതി

തിരുവല്ല നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടെത്തിയ സംഘം ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. കാപ്പാ കേസ് പ്രതിയായ സുബിൻ അലക്സാണ്ടർ ചാക്കോയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.

കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് വസ്ത്രങ്ങൾ അഴിപ്പിച്ചതെന്ന് അതിജീവിത വെളിപ്പെടുത്തി. തന്നേയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്നരാക്കി കിടത്തി വീഡിയോ എടുത്തു. സുബിൻ എന്നയാൾ 50,000 രൂപ അപ്പോൾത്തന്നെ ആവശ്യപ്പെട്ടു. ഉടമയോട് മൂന്ന് ലക്ഷം രൂപ നൽകാൻ പറയണമെന്നും അല്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ ലൈവായി പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

സ്പായിലെ മറ്റു ചില ജീവനക്കാർ ഈ അതിക്രമത്തിന് ഒത്താശ ചെയ്തുവെന്നും യുവതി ആരോപിച്ചു. 11 കേസുകളിൽ പ്രതിയായ സുബിൻ അലക്‌സാണ്ടർ ചാക്കോ (29) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ക്രൂരത നടത്തിയത്. സംഭവത്തിൽ സുബിനൊപ്പം അറസ്റ്റിലായ മറ്റൊരു പ്രതിയാണ് ബെർലിൻദാസ് (38). കേസിൽ ഉൾപ്പെട്ട മറ്റ് നാലുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

സുബിനെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ പ്രതി വളർത്തുനായ്ക്കളെ അഴിച്ചുവിട്ടു. നായ്ക്കളുടെ ആക്രമണത്തിൽ എസ്.ഐ. ഉണ്ണികൃഷ്ണൻ, സി.പി.ഒ. അഭിലാഷ് എന്നിവർക്ക് പരിക്കേറ്റു. അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ കീഴടക്കിയത്.

ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സുബിൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിക്കെതിരെ ബലാത്സംഗം, പിടിച്ചുപറി, ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow