'ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നു, സുഖമില്ലാത്തത് കൊണ്ടാണ് നിർത്താതെ പോയത്': പ്രതികരണവുമായി മണിയന്‍ പിള്ള രാജു

നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്

Feb 6, 2026 - 10:25
Feb 6, 2026 - 10:25
 0
'ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നു, സുഖമില്ലാത്തത് കൊണ്ടാണ് നിർത്താതെ പോയത്': പ്രതികരണവുമായി മണിയന്‍ പിള്ള രാജു

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വെച്ച് നടന്ന അപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മ്യൂസിയം പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ മണിയൻപിള്ള രാജുവിനെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി, ജീവഹാനി സംഭവിക്കാവുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചു, അപകടവിവരം ഉത്തരവാദിത്തപ്പെട്ട അധികാരികളെ അറിയിച്ചില്ല എന്നീ കുറ്റങ്ങള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്. 

നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 'സുധീർകുമാർ രാജു' എന്ന ആർസി ഉടമയുടെ പേരിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. താൻ തന്നെയാണ് കാർ ഓടിച്ചതെന്ന് താരം പിന്നീട് സ്ഥിരീകരിച്ചു.

മൊഴി നൽകാൻ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയ താരം തന്റെ ഭാഗം വിശദീകരിച്ചു: താനൊരു കാൻസർ രോഗിയാണെന്നും അടുത്തിടെ ചിക്കൻഗുനിയ ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ വീട്ടിൽ ഭാര്യ ഒറ്റയ്ക്കായതിനാലാണ് ഉടൻ സ്റ്റേഷനിൽ എത്താൻ കഴിയാതിരുന്നത്.

ബൈക്ക് വന്ന് കാറിൽ ഇടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ താൻ ആളുകളെ വിളിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow