ബെംഗളൂരു വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥികളും; അതിവേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചു കയറി

വിദ്യാർത്ഥികൾ സഞ്ചരിച്ച ആഡംബര കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Feb 13, 2026 - 18:24
Feb 13, 2026 - 18:24
 0
ബെംഗളൂരു വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളി വിദ്യാർത്ഥികളും; അതിവേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചു കയറി

ബെംഗളൂരു: കർണാടകയിലെ ഹൊസക്കോട്ടയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബെംഗളൂരു യെലഹങ്കയിലെ ആർ.വി. കോളേജ് വിദ്യാർത്ഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ് മരിച്ച മലയാളികൾ. വിദ്യാർത്ഥികൾ സഞ്ചരിച്ച ആഡംബര കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വിദ്യാർത്ഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവർക്കൊപ്പം സുഹൃത്തുക്കളായ അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരും ബൈക്ക് യാത്രക്കാരനായ ദേവനായ്ക്കനഹള്ളി സ്വദേശി ഗഗനും അപകടത്തിൽ മരിച്ചു. കൊല്ലപ്പെട്ട വിദ്യാർത്ഥികൾ 16-നും 18-നും ഇടയിൽ പ്രായമുള്ളവരാണ്.

പുലർച്ചെ 4:50-ഓടെയാണ് അപകടം നടന്നത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്‍യുവി അമിതവേഗതയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കാർ ആദ്യം ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ചരക്ക് ലോറിയിലേക്കും മറ്റൊരു കാറിലേക്കും പാഞ്ഞു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി റോഡിൽ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പതിനേഴുകാരനായ അയാൻ അലിയാണ് വാഹനമോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരെ അറിയിക്കാതെയാണ് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പുറപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹങ്ങൾ ഹൊസക്കോട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുലിബെലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow