ടി20 ലോകകപ്പിൽ അട്ടിമറി വിജയം; ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ, ചരിത്ര വിജയം 23 റൺസിന്
സ്ലോ പിച്ചിൽ സിംബാബ്‌വെ ബൗളർമാർക്ക് മുന്നിൽ ഓസീസ് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കണ്ടത്
കൊളംബോ: ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വെ. ഗ്രൂപ്പ് ബി പോരാട്ടത്തിൽ 23 റൺസിനാണ് സിംബാബ്‌വെ കരുത്തരായ ഓസീസിനെ വീഴ്ത്തിയത്. സിംബാബ്‌വെ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 19.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി.
സ്ലോ പിച്ചിൽ സിംബാബ്‌വെ ബൗളർമാർക്ക് മുന്നിൽ ഓസീസ് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കണ്ടത്. 44 പന്തിൽ 65 റൺസെടുത്ത മാറ്റ് റെൻഷായും 32 പന്തിൽ 31 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും മാത്രമാണ് പൊരുതിയത്.
നായകൻ ട്രാവിസ് ഹെഡ് (17 റൺസ്) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റാർക്കും തിളങ്ങാനായില്ല. കൃത്യതയാർന്ന ബൗളിംഗിലൂടെയാണ് സിംബാബ്‌വെ വിജയം പിടിച്ചെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെസിംഗ് മുസറബാനിയും മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസും ചേർന്നാണ് ഓസീസ് നിരയുടെ നട്ടെല്ലൊടിച്ചത്.
ആദ്യ മത്സരത്തിൽ ഒമാനെ തോൽപ്പിച്ച സിംബാബ്‌വെ, ഓസീസിനെതിരായ ഈ വിജയത്തോടെ സൂപ്പർ 8 പ്രതീക്ഷകൾ സജീവമാക്കി. അയർലൻഡിനും ശ്രീലങ്കയ്ക്കും എതിരെയാണ് സിംബാബ്‌വെയുടെ ഇനിയുള്ള മത്സരങ്ങൾ. അതേസമയം, ആദ്യ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ച ഓസ്‌ട്രേലിയയ്ക്ക് ശ്രീലങ്കയ്ക്കും ഒമാനും എതിരായ വരാനിരിക്കുന്ന മത്സരങ്ങൾ നിർണ്ണായകമായി.
സ്‌കോർ ചുരുക്കത്തിൽ:
സിംബാബ്‌വെ: 169-2 (20 ഓവർ)
ഓസ്‌ട്രേലിയ: 146 (19.3 ഓവർ)
What's Your Reaction?



