ഘാനയിൽ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം; ടീം ബസിന് നേരെ മോഷ്ടാക്കളുടെ വെടിവെപ്പ്
മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടീമിന് നേരെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്
അക്ര: ഘാനയിൽ ഫുട്‌ബോൾ ലോകത്തെ നടുക്കി പ്രൊഫഷണൽ താരം മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ഘാന പ്രീമിയർ ലീഗ് ക്ലബ്ബായ ബെറെകം ചെൽസിയുടെ യുവതാരം ഡൊമിനിക്ക് ഫ്രിംപോങ് (20) ആണ് കൊല്ലപ്പെട്ടത്. ടീം ബസിനു നേരെ ആയുധധാരികളായ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിലാണ് താരത്തിന് ജീവൻ നഷ്ടമായത്.
മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടീമിന് നേരെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. താരത്തിന്റെ മരണം ഘാന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഞായറാഴ്ച ഗുവാസോ - ബിബിയാനി റോഡിൽ വെച്ചാണ് സംഭവം. സ്മാർടക്‌സിനെതിരായ ലീഗ് മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്നു ബെറെകം ചെൽസി ടീം അംഗങ്ങൾ.
ആയുധങ്ങളുമായി റോഡിൽ തമ്പടിച്ച മോഷ്ടാക്കൾ ടീം ബസ് തടഞ്ഞുനിർത്തുകയും തുരുതുരെ വെടിയുതിർക്കുകയുമായിരുന്നു. പണം കവരാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ബെറെകം ചെൽസി ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. യുവതാരത്തിന്റെ മരണം ഘാന ഫുട്‌ബോളിലെ വലിയ നഷ്ടമാണെന്ന് അസോസിയേഷനും വ്യക്തമാക്കി.
What's Your Reaction?