ഇസ്‌ലാമാബാദ് ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; മരണം 36 ആയി, ഷിയാ മുസ്‌ലിങ്ങളെ ലക്ഷ്യമിടുമെന്നും ഭീഷണി
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസിന്റെ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ പാക്കിസ്ഥാൻ ആണ് ഇന്നു പത്രക്കുറിപ്പിലൂടെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
പ്രവേശന കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ ചാവേർ ആയി വന്ന ഭീകരൻ വെടിയുതിർക്കുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഷിയാ മുസ്‌ലിങ്ങളെ തങ്ങള്‍ ലക്ഷ്യമിടുമെന്നും സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന സായുധ സംഘങ്ങളെ റിക്രൂട്ട്‌മെന്റ് ചെയ്തത് ഷിയാക്കൾ ആണെന്നും ഐഎസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പെഷവാർ സ്വദേശിയായ യാസിർ (32) എന്നയാളാണു ചാവേർ ആയി വന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിനു പിന്നാലെ പെഷവാറിലും നൗഷേരയിലും പാക്ക് ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡുകളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച നാല് പേരെ അറസ്റ്റ് ചെയ്തു.
ചാവേർ ആക്രമണത്തിനു മുമ്പ് യാസിർ അഞ്ച് മാസത്തോളം അഫ്ഗാനിസ്ഥാനിൽ ചെലവഴിച്ചതായും ആയുധങ്ങൾ കൈകാര്യം ചെയ്യാനും ചാവേർ ആക്രമണം നടത്താനും പരിശീലനം നേടിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണെന്നാണു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ സ്വന്തം നാട്ടിൽ വളർത്തിയെടുത്ത തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിർഭാഗ്യകരമാണെന്നാണ് ആരോപണത്തിന് ഇന്ത്യ മറുപടി നൽകിയത്.
What's Your Reaction?

