ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ;24 മണിക്കൂര്‍ കൂടി സമയപരിധി നീട്ടി ട്രംപ് ,പശ്ചിമേഷ്യയില്‍ യുദ്ധഭീതി
ടെഹ്‌റാൻ/വാഷിങ്ടൺ: മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി താൽക്കാലിക വെടിനിർത്തലിന് ധാരണയായാലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ കടലിടുക്ക് തുറക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും സ്വന്തം നിലപാടിൽ മാറ്റമില്ലെന്ന് ഇറാൻ അറിയിച്ചതോടെ മേഖലയിൽ വീണ്ടും ആശങ്ക പടരുകയാണ്.
യുഎസും ഇറാനും മധ്യസ്ഥ രാജ്യങ്ങളും ചേർന്ന് 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിനായി ചർച്ച നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ താൽക്കാലിക വെടിനിർത്തലും, രണ്ടാംഘട്ടത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്രമായ ഉടമ്പടിയുമാണ് ലക്ഷ്യമിടുന്നത്. ആവശ്യമാണെങ്കിൽ വെടിനിർത്തൽ കാലാവധി നീട്ടാനും ആലോചനയുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു നൽകിയ സമയപരിധി 24 മണിക്കൂർ കൂടി നീട്ടി നൽകി. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപായി ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് 'ട്രൂത്ത് സോഷ്യലിലൂടെ' അദ്ദേഹം മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഭീഷണി അവിവേകമാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് തിരിച്ചടിച്ചു. യുദ്ധക്കുറ്റങ്ങളിലൂടെ ഒന്നും നേടാനാവില്ലെന്നും അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?