പ്രതിദിനം 12 കപ്പലുകള്‍ക്ക് മാത്രം അനുമതി; ഡിജിറ്റൽ നികുതിയും; ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ
നിലവിലെ വെടിനിർത്തൽ ധാരണകൾക്കിടയിലും ഇറാൻ സ്വീകരിക്കുന്ന ഈ കർശന നിലപാട് വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്
ടെഹ്‌റാൻ: അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വൻതുക നികുതി ഏർപ്പെടുത്താൻ ഇറാൻ നീക്കം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പുതിയ പരിഷ്കാരം ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും സാരമായി ബാധിക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ തന്ത്രപ്രധാനമായ പാതയിലൂടെ ഇനി കേവലം 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ എന്നാണ് ഇറാന്റെ പ്രഖ്യാപനം. നിലവിലെ വെടിനിർത്തൽ ധാരണകൾക്കിടയിലും ഇറാൻ സ്വീകരിക്കുന്ന ഈ കർശന നിലപാട് വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
എണ്ണക്കപ്പലുകൾ ഓരോ ബാരൽ എണ്ണയ്ക്കും ഒരു ഡോളർ വീതം നികുതി നൽകണം. ഇതനുസരിച്ച് വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് ഏകദേശം 20 ലക്ഷം ഡോളർ (ഏകദേശം 18 കോടി രൂപ) വരെ ചുങ്കം നൽകേണ്ടി വരും. നികുതി തുക ബിറ്റ്‌കോയിൻ പോലെയുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഡോളറിനെ ഒഴിവാക്കാനാണ് ഈ നീക്കം.
കപ്പലുകൾ തങ്ങളുടെ ചരക്ക് വിവരങ്ങൾ ഇ-മെയിൽ വഴി മുൻകൂട്ടി അറിയിക്കണം. നികുതി അടയ്ക്കാൻ നിശ്ചിത സമയം മാത്രമേ അനുവദിക്കൂ. അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ നീക്കത്തെ അയൽരാജ്യമായ ഒമാൻ ശക്തമായി എതിർത്തു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പ്രകാരം ഇത്തരം നികുതികൾ ഈടാക്കാൻ ഇറാനു അവകാശമില്ലെന്നാണ് ഒമാന്റെ നിലപാട്.
ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി നാനൂറോളം കപ്പലുകളാണ് നിലവിൽ കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുന്നത്. ഇറാൻ ഏർപ്പെടുത്തിയ ഈ പുതിയ നികുതി വ്യവസ്ഥ നിലവിൽ വന്നാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. കപ്പൽ ഗതാഗത മേഖലയിലെ ഇൻഷുറൻസ് നിരക്കുകൾ വർദ്ധിക്കുന്നതിനും ഇത് കാരണമാകും.
What's Your Reaction?