തൃശൂരില്‍ വീണ്ടും 'ഡീല്‍' രാഷ്ട്രീയം; അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃശൂർ മണലൂർ മണ്ഡലത്തിൽ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ച് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ എട്ട് കോടി രൂപയുടെ 'ഡീൽ' ഉറപ്പിച്ചെന്നാണ് നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ് ആരോപിച്ചത്.
തൃശൂർ ജില്ലാ സി.പി.എം ഓഫീസിൽ എൽഡിഎഫ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്കെതിരെ ഫിറോസ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ ടി.എൻ. പ്രതാപൻ എട്ട് കോടി രൂപ വാങ്ങി വോട്ടുമറിച്ചു.
പ്രതാപൻ പകൽ കോൺഗ്രസും രാത്രി ബിജെപിയുമായാണ് പ്രവർത്തിക്കുന്നത്. നാട്ടികയിലും മണലൂരിലും ബിജെപിയിൽ നിന്ന് പണം വാങ്ങി വിതരണം ചെയ്തതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു.
വാടാനപ്പള്ളിയിൽ നടന്ന കിറ്റ് വിതരണം ബിജെപി നേതാക്കളുമായി ചേർന്ന് പ്രതാപൻ തന്നെ ആസൂത്രണം ചെയ്തതാണ്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മണലൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുൻമന്ത്രി സി. രവീന്ദ്രനാഥും യുഡിഎഫിനായി ടി.എൻ. പ്രതാപനും എൻഡിഎയ്ക്കായി കെ.കെ. അനീഷ്‌കുമാറും തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വോട്ടെടുപ്പിന് വെറും മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ സ്വന്തം പാർട്ടി നേതാവ് തന്നെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എൽഡിഎഫ് തന്ത്രമാണിതെന്നുമാണ് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിക്കുന്നത്.
What's Your Reaction?