ഓപ്പറേഷൻ തൂഫാൻ: കർണാടകയുടെ പിന്തുണ തേടി രമേശ് ചെന്നിത്തല
ബെംഗളൂരു: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരള–കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, കൂടുതൽ പൊലീസ് വിന്യസിക്കണമെന്ന ആവശ്യം ഉന്നയിച്ചു.
ബെംഗളൂരു വിധാൻ സൗധയിൽ നടന്ന കൂടിക്കാഴ്ചയിൽ, കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ വിജയത്തെ കർണാടക മുഖ്യമന്ത്രി അഭിനന്ദിച്ചതായും, എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന നടപടിയാണിതെന്ന് അഭിപ്രായപ്പെട്ടതായും മന്ത്രി പറഞ്ഞു. കേരള-കർണാടക പൊലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേരും.
What's Your Reaction?



