ക്യാമ്പസ് ഫെസ്റ്റിനിടയിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം

May 30, 2026 - 12:24
May 30, 2026 - 12:27
 0
ക്യാമ്പസ് ഫെസ്റ്റിനിടയിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ എൻജിനീയറിംഗ് കോളേജിൽ നടന്ന ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. മർദ്ദനത്തിൽ അമീന്റെ ഇടതുകണ്ണിന്റെ കോർണിയയും റെറ്റിനയും പൂർണ്ണമായി തകർന്നു.

കഴിഞ്ഞ ഇരുപത്തിനാലാം തീയതിയായിരുന്നു കോളേജിനെ നടുക്കിയ ഈ സംഭവം നടന്നത്. കോളേജ് ഫെസ്റ്റിൽ പങ്കെടുക്കാൻ പുറത്തുനിന്നടക്കം നിരവധി ആളുകൾ എത്തിയിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയ ചിലർ ക്യാമ്പസിൽ ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് അൽ അമീൻ വിഷയം പരിഹരിക്കാനായി ഇടപെട്ടത്. എന്നാൽ അക്രമാസക്തരായ സംഘം വിദ്യാർത്ഥിയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. കൂർത്ത ഇടിവള (Knuckle duster) ധരിച്ചാണ് അക്രമികൾ അമീന്റെ മുഖത്ത് ഇടിച്ചതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പുറത്തുനിന്നെത്തിയ സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥിയും സ്ഥിരീകരിച്ചു.

പരിക്കേറ്റ അൽ അമീനെ ഉടൻ തന്നെ തിരുവനന്തപുരം കണ്ണാശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥിയെ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.


What's Your Reaction?

like

dislike

love

funny

angry

sad

wow