ഓടുന്ന ജീപ്പിൽ നിന്ന് തെറിച്ചുവീണ് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്
നാദാപുരം: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് തെറിച്ചുവീണ് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. നാദാപുരം സി.സി.യു.പി. സ്‌കൂൾ വിദ്യാർഥിയും പാറക്കടവ് സ്വദേശിയായ ഇർഷാദിന്റെ മകനുമായ ഇൻസാഫ് റഹ്മാൻ (10) ആണ് അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷം തൂണേരി പട്ടാണിക്കിണറിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. ജീപ്പിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന കുട്ടി വാഹനം ഓടിക്കൊണ്ടിരിക്കെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
കുട്ടിയുടെ പിന്നാലെ വന്ന മറ്റൊരു വാഹനം സമയോചിതമായി ബ്രേക്കിട്ട് നിർത്തിയതോടെ വലിയ ദുരന്തം ഒഴിവായി. അപകടം കണ്ട നാട്ടുകാർ ഉടൻ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായ പരുക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
What's Your Reaction?



