സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം; പവന് 1,120 രൂപ വർധിച്ചു; ഉച്ചയോടെ വില 1,10,480 രൂപയിലെത്തി
രാവിലെ കുത്തനെ ഇടിഞ്ഞ വില ഉച്ചയോടെ പവന് 1,120 രൂപ വർദ്ധിച്ച് വീണ്ടും 1,10,000 കടന്നു
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം. രാവിലെ കുത്തനെ ഇടിഞ്ഞ വില ഉച്ചയോടെ പവന് 1,120 രൂപ വർദ്ധിച്ച് വീണ്ടും 1,10,000 കടന്നു.
അമേരിക്കയും ഇറാനും തമ്മിൽ 45 ദിവസത്തെ വെടിനിർത്തലിന് ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് രാജ്യാന്തര വിപണിയിലും പിന്നാലെ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. രാവിലെ 1,320 രൂപ കുറഞ്ഞ് 1,09,360 രൂപയിലെത്തിയ വില, ഉച്ചയോടെ 1,120 രൂപ വർദ്ധിച്ച് 1,10,480 രൂപയായി. ഗ്രാമിന് 140 രൂപ വർദ്ധിച്ച് 13,810 രൂപയിലെത്തി.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ട് ആളുകൾ വാങ്ങിക്കൂട്ടുന്നത് വില ഉയരാൻ കാരണമാകുന്നുണ്ട്.
ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില. കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്.
യുദ്ധം അവസാനിക്കാനുള്ള കരാർ യാഥാർത്ഥ്യമായാൽ സ്വർണവിലയിൽ ഇനിയും കാര്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ വലിയ തുക സ്വർണത്തിൽ നിക്ഷേപിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
What's Your Reaction?